Post 213 ചരളം

കാശ്മീരിലെ സൂചിയില കാടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ഔഷധ സസ്യം ആണ് ചരളം 300 മുതൽ 1800 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ആണ് ചരളം കൃഷി ചെയ്യുന്നത് . 30 മീറ്റർ വരെ ഉയരത്തിൽ വളരുന ഔഷധ വൃക്ഷം ആണ് ചരളം . ചരളം കാഴ്ചയിൽ ഗോപുരം പോലെ കാണപ്പെടുന്നു.

രസം =  കടു – തിക്തം – മധുരം
ഗുണം = ലഘു – തീഷ്ണം സ്നിഗ്ദ്ധം
വീര്യം = ഉഷ്ണം
വിപാകം = കടു

ചരളം നീരിനേയും  വേദനയേയും വ്രണത്തെയും രക്ത വാർചയേയും ശമിപ്പിക്കും ദുർഗന്ധം അകറ്റും

ചരളത്തിൻ്റെ കാതലും എണ്ണയും കറയും ( നിര്യാസം) ഔഷധമായി ഉപയോഗിച്ചു വരുന്നു.
(രാജേഷ് വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXXi

ചരളം  = ഇന്ത്യയുടെ വടക്കുഭാഗങ്ങൾ, നേപ്പാൾ, ഭൂട്ടാൻ, പാകിസ്താന്റെ വടക്കുഭാഗങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്  (Long leaved pine, Chir Pine).

രസാദി ഗുണങ്ങൾ
രസം : കടു, തിക്തം, മധുരം
ഗുണം : ലഘു, തീക്ഷ്ണം, സ്നിഗ്ധം
വീര്യം : ഉഷ്ണം
വിപാകം : കടു

നിവർന്നുവളരുന്ന ഒരു ഔഷഷസസ്യമായ ഇതിന്റെ തൊലിയ്ക്ക് ചാരനിറമാണുള്ളത്. മറ്റുള്ള സാധാരണ ചെടികളേപ്പോലെയല്ലാതെ ഇലകൾ നീണ്ടുരുണ്ട് സൂചിയുടെ ആകൃതിയാണുള്ളത്. മറ്റു പൈനുകളെ അപേക്ഷിച്ച് ഉയരം കുറവുള്ള സ്ഥലങ്ങളിൽ ഇത് കാണപ്പെടുന്നു. ഇത് തടിയുടെ ആവശ്യങ്ങൾക്കും ഉപയോഗിച്ചു വരുന്നു. മരം ടാപ്പ് ചെയ്തു റെസിൻ എടുക്കുന്നു. സ്വേദനം ചെയ്ത് ടർപ്പ്ന്റയിൻ ഉണ്ടാക്കുന്നു.
(രായിച്ചൻ )
XXXXXXXXXXXXXXXXXXXXXXXXXi

ചരളം എല്ലാ തരം നീരിനേയും വേദനയേയും ശമിപ്പിക്കും

ചരളത്തിൻ്റെ കായ വെന്ത് വെള്ളം കുടിച്ചാൽ അപബാഹുകം മൂന്നു ദിവസം കൊണ്ട് ശമിക്കും. നട്ടെല്ലിലെ ഡിസ്ക് കയ്യിലേക്കുള്ള ഞരമ്പിനെ ഞെരുക്കുമ്പോൾ ഉണ്ടാകുന്ന വേദനയും കയ്യ് അനക്കാൻ കഴിയാതാവുന്നതും ആണ് അപബാഹുകം .

തിബറ്റൻ ചികിത്സ രീതിയിൽ ചരളം ധാരാളമായി ഉപയോഗിച്ചു വരുന്നു.
(ജയാനന്ദൻ വൈദ്യർ )
XXXXXXXXXXXXXXXXXXXXXXXXXi

തണുപ്പുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു വൃക്ഷമാണ് ചരളം ഇത് ഉത്തരാഖണ്ഡ് മുതലായ ഹിമാലയ പ്രദേശങ്ങളിൽ  ധാരാളം കണ്ടു വരുന്നു. ചരളത്തിൻ്റെ തടി നല്ല ഉറപ്പുള്ളതാണ് . ഇത് ഫർണീച്ചർ നിർമാണത്തിന് നല്ലതാണ്. ഇതിന് അവിടെ ദേവു ദിയാർ എന്ന് പറഞ്ഞു വരുന്നു.
(അനീഷ്മണ്ണടി. )
XXXXXXXXXXXXXXXXXXXXXXXXXi

ഞാൻ എല്ലാ വർഷവും ചരളത്തിൻ്റെയും ദേവദാരത്തിൻ്റെ പശകൊണ്ടുവരാറുണ്ട് എന്നിട്ട് വേദനയ്ക്കുള്ള തൈലത്തിലും.     തൊലി പുറത്ത് ഉണ്ടാവുന്ന രോഗങ്ങൾക്കും എണ്ണ വെളിച്ചെണ്ണ എന്നിവയിൽ കാച്ചി ഉപയോഗിക്കാറുണ്ട്         
(വിനയ് ധനുർവേദ )
XXXXXXXXXXXXXXXXXXXXXXXXXi

അഥവാഗ്നിവചാപാഠാ
കടുകാകുഷുദീപ്യകം
മസഭാർങ്ഗീദാരുസരള
വൃശ്ചികാളീകണൊഷണം

പ്രമേഹമിഹിര തൈലം
ശതകുപ്പ, ദേവതാരം, മുത്തങ്ങാക്കിഴങ്ങ്, വരട്ടുമഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, പെരുകുരുമ്പവേര്, കൊട്ടം, അമുക്കുരം, ചന്ദനം, രക്തചന്ദനം, അരേണുകം, കടുകു രോഹിണി, ഇരട്ടിമധുരം, അരത്ത, ഇലവര്‍ങത്തൊലി, ഏലത്തരി, ചെറുതേക്കിന്‍ വേര്, കാട്ടുമുളകിന്‍ വേര്, കൊത്തമ്പാലരി, കുടകപ്പാലരി, ഉങ്ങിന്‍തൊലി, അകില്‍, പച്ചില, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, രാമച്ചം, ഇരുവേലി, കുറുന്തോട്ടി വേര്, ആനക്കുറുന്തോട്ടി വേര്, മഞ്ചട്ടിക്കോല്, ചരളം, പതിമുഖം, പാച്ചോറ്റിത്തൊലി, വയമ്പ്, നല്ലജീരകം, ജാതിക്ക, ആടലോടക വേര് എന്നിവയെടുത്ത് ഇതില്‍ ശതകുപ്പ, രാമച്ചം ഇവ 30ഗ്രാം വീതവും മറ്റെല്ലാം 15 ഗ്രാം വീതവും  വെണ്ണ പോലെ അരച്ച് ഒന്നര ലിറ്റര്‍ എള്ളെണ്ണയില്‍ കലക്കി അതില്‍ ആറ് ലിറ്റര്‍ ശതാവരി നീരും ആറു ലിറ്റര്‍ കോലരക്കിന്‍ കഷായവും ആറ് ലിറ്റര്‍ തൈരും ഒന്നര ലിറ്റര്‍ പാലും ചേര്‍ത്ത് അരക്കുമദ്ധ്യ പാകത്തില്‍ തൈലം കാച്ചിയരിച്ച് അരിക്കും പാത്രത്തില്‍ കര്‍പ്പൂരം, കുങ്കുമപ്പൂവ്, കസ്തൂരി, ഇവ ഓരോന്നും 15 ഗ്രാം വീതം പൊടിച്ചു ചേര്‍ത്ത് തണുത്താല്‍ കുപ്പികളില്‍ ശേഖരിച്ചു വയ്ക്കുക. ഇതില്‍ ചേര്‍ക്കുവാനുള്ള ആറ് ലിറ്റര്‍ കോലരക്ക് കഷായത്തിന് ആറു കിലോ കോലരക്ക് 48 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ആറു ലിറ്റര്‍ ആക്കി വറ്റിച്ച് ഊറ്റി എടുക്കുക. ആറ് ലിറ്റര്‍ ശതാവരി നീരിന് 12കിലോ ശതാവരിക്കിഴങ്ങ് വെളളംചേര്‍ത്ത് ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. ഈ പ്രമേഹമിഹിരതൈലം, കഴുത്തിന് കീഴെ സര്‍വാംഗം തേക്കുക. ഈ തൈലം തേച്ചാല്‍ പ്രമേഹവും, പ്രമേഹജന്യമായ ഞരമ്പുകളിലെ ബലക്ഷയവും സന്ധിവേദന, കൈകാല്‍തരിപ്പ് ഇവയെല്ലാം പൂര്‍ണമായും ശമിക്കും. കൂടാതെ വാതരോഗത്താലുള്ള വേദനയും മരവിപ്പും മാറും. പ്രമേഹ രോഗികളിലെ ദാഹം, ശരീരദുര്‍ഗന്ധം, ശരീരം മെലിച്ചില്‍ ഇവയും ശമിക്കും

രജന്യാദി ചൂർണം
മഞ്ഞള്‍, ദേവതാരം, ചരളം, അത്തിത്തിപ്പലി, ചെറുവഴുതിന, വെണ്‍വഴുതിന, ഓരില ഇങ്ങനെ എട്ടുമരുന്നുകള്‍ തുല്യ അളവില്‍ എടുത്ത് പൊടിച്ചുണ്ടാക്കുന്നതാണ് രജന്യാദിചൂര്‍ണം.

അഗ്‌നിദീപ്തിയും രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കാന്‍ ഉതകുന്ന മരുന്നാണ് രജന്യാദിചൂര്‍ണം. വയറിളക്കം, പനി, ചുമ, ശ്വാസംമുട്ട്, വിളര്‍ച്ച, ഉദരരോഗങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവയുടെ പരിഹാരാര്‍ത്ഥവും യഥാവിധി രജന്യാദിചൂര്‍ണം ഉപയോഗിച്ചുവരുന്നു.

ആട്ടുകൊട്ടപ്പാല, കാട്ടുവെള്ളരി, കരളേകം, വേലിപ്പരുത്തി, മണിക്കഞ്ഞകം, അതിവിടയം എന്നിവ കത്തിച്ചു ഭസ്മമെടുക്കണം. അതില്‍ ചരളം, മരമഞ്ഞള്‍ തൊലി, മഞ്ഞള്‍, ഏലത്തരി, ഇരുവേലി, മഞ്ചട്ടി, ചുവന്നരത്ത, കാര്‍കോകിലരി എന്നിവ അരച്ചുകലക്കണം. എവിടെ ഈ ലായനി തളിച്ചാലും അവിടം വിഷരഹിതമാകും.

ഊരുസ്തംഭത്തിന്
പാതിരിവേര്‌, കരിങ്ങാലി, വേപ്പിന്‍തോല്‌, ചെറുവഴുതന വേര്‌, വന്‍വഴുതനവേര്‌, ചരളം, വേങ്ങക്കാതല്‍, മുരിങ്ങവേര്‌, തര്‍ക്കാരിവഴുദിനിവേര്‌, ഞെരിഞ്ഞില്‍, വെളുത്ത തുളസിയില, കറുത്ത തുളസിയില, മുഞ്ഞവേര്‌, ഉങ്ങിന്‍വേര്‌ ഇവ സമം കഷായംവെച്ചു ഊരു സ്‌തംഭത്തില്‍ ധാരചെയ്യണം. അഥവാ ഇവ ഗോമൂത്രത്തിലരച്ചു ലേപനം ചെയ്‌താലും ഊരുസ്‌തംഭം ശമിക്കും.

ഊരുസ്‌തംഭത്തിന്
കൊട്ടം, തിരുവട്ടപ്പശ, ഇരുവേലി, ചരളം, ദേവതാരം, നാഗപ്പൂവ്‌, ആട്‌നാറിവേള, അമുക്കുരം, ഇവ കല്‌ക്കമാക്കി കല്‌ക്കത്തിന്റെ നാലിരട്ടി കടുകെണ്ണയും അതിൻ്റെ നാലിരട്ടി ശുദ്ധജലവും ചേര്‍ത്തു പാകം ചെയ്‌തെടുക്കണം. ഈ തൈലം യുക്തിപോലെ മാത്രനിശ്ചയിച്ചു തേഌം ചേര്‍ത്തു ഊരുസ്‌തംഭരോഗി കുടിക്കണം. ഇതുകൊണ്ട്‌ രൂക്ഷതയില്‍ നിന്ന്‌ മുക്തനാവുകയും അതിഌശേഷം (അതുകൊണ്ട്‌) അവന്‍ ഊരുസ്‌തംഭത്തില്‍നിന്ന്‌ മോചിക്കുകയും ചെയ്യുന്നതാകുന്നു

പെരുങ്കുറുമ്പവേര്‌, അടപതിയന്‍ കിഴങ്ങ്‌, അരത്ത, ഞെരിഞ്ഞില്‍, വയമ്പ്‌, ചരളം, അകില്‍, പാടക്കിഴങ്ങ്‌ ഇവകല്‌ക്കമാക്കി കല്‌ക്കത്തിന്റെ നാലിരട്ടി തൈലവും തൈലത്തിന്റെ നാലിരട്ടി ശുദ്ധജലവുംചേര്‍ത്തു പാകംചെയ്‌തെടുക്കണം. ഈതൈലം രണ്ടുപലമോ നാലുപലമോ തേന്‍ചേര്‍ത്തു ഊരു സ്‌തംഭരോഗി കുടിക്കണം. അപതര്‍പ്പണംകൊണ്ടുണ്ടായരൂക്ഷതയില്‍നിന്ന്‌ ഊരുസ്‌തംഭരോഗി മോചിക്കുന്നതാകുന്നു.

”സമംഗാശാല്‍മലീവില്യം
മധുനാ സഹനാ പിബേല്‍
തഥാശ്രീവേഷ്‌ടകോദീച്യ
ദേവദാരുനതാന്യപി
ചന്ദനാധാതകീ കുഷ്‌ഠം
താലിസം നളദംതഥാ മുസ്‌തം
ഹരീതകീലോദ്ധ്രം
പത്മകം തിക്തരോഹിണീ
ദേവദാരു ഹരിദ്രദ്വേ
വചാ കടുകരോഹിണീ
പിപ്പലി പിപ്പലീമൂലം
ചരളം ദേവദാരുച
ചവ്യം ചിത്രകമൂലഞ്ച
ദേവദാരു ഹരീതകീ
സക്ഷൗദ്രാനര്‍ദ്ധ ശ്ലോകോക്താന്‍
കല്‌ക്കാനൂരുഗ്രഹാപഹാന്‍  “

പടര്‍ച്ചുണ്ടവേര്‌, ഇലവിന്‍പശ, കൂവളത്തിന്‍വേര്‌ തിരുവട്ടപ്പശ, ഇരുവേരി, ദേവ താരം, തകരം, ചന്ദനം, താതിരിപ്പൂവ്‌, കൊട്ടം, താലീസപത്രം, രാമച്ചം, മുത്തങ്ങ, കടുക്ക, പാച്ചോററിത്തോല്‌, പതുമുകം, കടുരോഹിണി, ദേവതാരം, മഞ്ഞള്‍, മരമഞ്ഞത്തോല്‌, വയമ്പ്‌, കടുരോഹിണി, തിപ്പലി, കാട്ടുതിപ്പലിവേര്‌, ചരളം, ദേവതാരം, കാട്ടുമുളകിന്‍വേര്‌, കൊടുവേരിക്കിഴങ്ങ്‌, ദേവതാരം, കടുക്ക ഈ അര്‍ദ്ധശ്ലോകം കൊണ്ട്‌ പറഞ്ഞ ഊരുസ്‌തംഭ ഹരങ്ങളായ യോഗങ്ങളെ അരച്ചു തേന്‍ ചേര്‍ത്ത വെള്ളത്തില്‍ കലക്കി ഊരുസ്‌തംഭ രോഗി കുടിക്കണം.

അരിമേദാദി തൈലം
കരിവേലപ്പട്ട 100 പലം, പേരാൽപ്പട്ട, അത്തിപ്പട്ട, അരയാൽപ്പട്ട, ഇത്തിപ്പട്ട ഇവയെല്ലാംകൂടി 100 പലം. ഈ മരുന്നുകളെല്ലാം ചതച്ച് 64 ഇടങ്ങഴി വെള്ളത്തിൽ കഷായം വച്ച് നാലിലൊന്നാക്കി വറ്റിച്ച് അരിച്ചെടുത്ത കഷായത്തിൽ 4 ഇടങ്ങഴി എള്ളെണ്ണ ചേർത്തു  അതിമധുരം, ഏലം, ഇലവർങം, പച്ചില, മഞ്ചട്ടി, കരിങ്ങാലിക്കാതൽ, പാച്ചോറ്റിത്തൊലി, കുമിഴിൻവേര്, നാല്പാമരപ്പട്ട, കരിവേലപ്പട്ട, മുത്തങ്ങാക്കിഴങ്ങ്, അകിൽ, ചന്ദനം, രക്തചന്ദനം, കർപ്പൂരം, ജാതിക്കായ്, തക്കോലം, മാഞ്ചി, താതിരിപ്പൂവ്, കാവിമണ്ണ്, താമരവളയം, ശതകുപ്പ, തിപ്പലി, താമരയല്ലി, കുങ്കുമപ്പട്ട, കോലരക്ക്, പറച്ചുണ്ടവേര്, ചെറുവഴുതിനവേര്, പകുതിവിളവുള്ള കൂവളക്കായ്, ദേവതാരം, കന്മദം, ചരളം, ചോനകപ്പുല്ല്, പ്ളാശിൻപട്ട, വരട്ടുമഞ്ഞൾ, മരമഞ്ഞൾത്തൊലി, ഞാഴൽപൂവ്, ചെറുപ്പുന്നയരി, നീർമരുതിൻവേരിൻതൊലി, കൊഴിഞ്ഞിൽവേര്, ത്രിഫലത്തോട്, ചെഞ്ചല്യം, പുഷ്കരമൂലവേര്, വെളുത്തവഴുതിനവേര്, മലങ്കാരയ്ക്കായ് എന്നീ മരുന്നുകൾ ഓരോന്നും മൂന്നു കഴഞ്ചു വീതം, പൊടിച്ചരച്ച് കല്ക്കമായി ചേർത്തു പാകപ്പെടുത്തി പാകത്തിന് അരിച്ച് ഉപയോഗിക്കുക. അഞ്ജനക്കല്ല്, കർപ്പൂരം എന്നിവ പാത്രപാകം

 ദുർവ്വാദി തൈലം
(കഴുത്തിലെ കുരുക്കൾക്ക് )
കറുക , കരിമുരുക്കിൻ്റെ ഇല , കരിനൊച്ചിയില ,പുണ്ഡരീകത്തിൻ ഇല , മലമയക്കി , പുല്ലാനി കൂമ്പ് ,വേപ്പില , കൂവളത്തില , കൊടിഞാലി, ഉഴിഞ്ഞ ,
ചിറ്റമൃത് ,പൂവരശിൻ കൂമ്പ്, ഇവ സമം ഇടിച്ചുപിഴിഞ്ഞ നീരിൽ വയമ്പ് , കടുക്ക , കൊട്ടം,  കടുകുരോഹിണി , തകരം കച്ചൂരി കിഴങ്ങ് ,അരത്ത, കരിഞ്ചീരകം ,ദേവദാരം , ചരളം , ഏലത്തരി , ഇലവർഗ്ഗത്തിൻ തൊലി പച്ചില ,ഇവ അരച്ചു കലക്കി എണ്ണ ചേർത്ത് കാച്ചി അരിച്ച് തേക്കുക കഴുത്തിലെ കുരുക്കൾ ശമിക്കും .

 ബലാഗുളൂച്യാദി 
ബലാഗുളൂചീസുരപാദപാനാം
ക്വാഥേ പചേത്തൈലമിമൈശ്ച കൽക്കൈ:
ജടാമയാചന്ദനകുന്ദുരുഷ്ക്കൈർ –
ന്നതാശ്വഗന്ധാസരളൈ: സരാസ്നൈ
ഏതൽ സദാഹം സരുജം സശോഫം
രക്താനുഗം വാതഗദം നിഹന്തി 

കുറുന്തോട്ടിവേര്, അമൃത്, ദേവതാരം ഇവ കഷായം വച്ച് ജടാമാഞ്ചി, കൊട്ടം ,ചന്ദനം, കുന്തിരിക്കം, തകരം, അമുക്കുരം, ചരളം ,അരത്ത, ഇവ കൽക്കമായി കാച്ചിയ   എണ്ണ ചൂടിച്ചിലും ചുളുചുളുപ്പും വീക്കവും കൂടിയ രക്തവാതത്തെ ശമിപ്പിക്കും .

ധാരപ്പാത്തി ഉണ്ടാക്കാൻ വിധിക്കുന്ന മരങ്ങളിൽ ഒന്ന് ചരളമാണ്. മറ്റ് മരങ്ങൾ ദേവതാരം,   കൂവളം,  വേങ്ങ, പ്ലാവ് ,  കാഞ്ഞിരം എന്നിവയാണ്

വാതവിധ്വംസിനി തൈലം
കരിങ്കുറുഞ്ഞി സമൂലം, കുറുന്തോട്ടിവേര്, ചിറ്റമൃത് (മൊരിനീക്കി), തേക്കടവേര് ഇവ 60 ഗ്രാം വീതം ദേവതാരം 30 ഗ്രാം ജടാമാഞ്ചി, തകരം, ചരളം, ചൊകന്നരത്ത, മഞ്ചട്ടി, കച്ചൂരിക്കിഴങ്ങ്, മൈസൂര്‍ചന്ദനം, അമുക്കുരം, ശീമക്കൊട്ടം, മണിക്കുന്തിരിക്കം ഇവ 21ഗ്രാം  250 മില്ലി ഗ്രാം  വീതം പൊടിച്ച് ശീലപ്പൊടിയാക്കി 3.840 കി.ഗ്രാം  നല്ലെണ്ണയും ചേര്‍ത്ത് കാച്ചി  പാത്ര പാകം അരിക്കുക .

ഏതുതരം വാതരോഗമായാലും പുരട്ടാവുന്നത്.
പ്രത്യേകിച്ച് വേദന, കഴപ്പ്, തരിപ്പ്, ചുട്ടുനീറ്റല്‍ തുടങ്ങിയ അനുഭവങ്ങള്‍ക്ക് അതീവ ഫലപ്രദം.

ചരളംലഘുതിക്തോഷ്ണം
കഫവാതവിാശം
അതിലുഷ്ണമെരിച്ചിട്ടും
കച്ചിട്ടും രസമായ് വരും സ്ിഗ്ദ്ധമായിട്ടിരിപ്പോന്നു
കഫവാതവിശകൃല്‍പ്രധാം
( ടിജോ എബ്രാഹാം )

മഹാരാജപ്രസാരിണീതൈലം
ശ്ലോകം:
ശതത്രയം പ്രസാരിണ്യാ
ദ്വേ ച പീതസഹാചരാല്‍
അശ്വഗന്ധൈര ബണ്ഡലാ
വരീ രാസ്നാ  പുനര്‍ന്നവാ
കേതകീ ദശമൂലം ച
പൃഥക്  ത്വക് പരിഭദ്രതഃ
പ്രത്യേകമേഷാം തു തുലാം
തുലാര്‍ദ്ധം കിലിമാത്തഥാ
തുലാര്‍ദ്ധം സ്യാഛിരീഷാച്ച
ലാക്ഷായഃപഞ്ചവിംശതിഃ
പലാനി  ലോധ്രാച്ച തഥാ
സര്‍വ്വമേകത്ര  സാധയേല്‍
ജലപത്മാഢകശതേ
സപാദേ തത്ര ശേഷയേല്‍
ദ്രോണദ്വയം കാഞ്ജികം ച ഷഡ്
വിംശത്യാഢകോന്മിതം
ക്ഷീരദധ്നോ  പൃഥക് പ്രസ്ഥാന്‍
ദശമസ്ത്വാഢകാ തഥാ
ഇക്ഷുരസാഢകൌെ ചൈവ
ഛാഗമാംസതുലാത്രയം
ജലപഞ്ചചത്വാരിംശല്‍
പ്രസ്ഥാന്‍ പക്വേതു ശേഷയേല്‍
സപ്തദശരസപ്രസ്ഥാന്‍
മഞ്ജിഷ്ഠാക്വാഥ ഏവ ച
കുഡുബേനാഢകോന്മാനോ 
ദ്രവൈരേതൈസ്തു സാധയേല്‍
സുശുദ്ധതിലതൈലസ്യ
ദ്രോണം പ്രസ്ഥേന  സംയുതം
കാഞ്ജികം മാനതോ ദ്രോണം
ശുക്തേനാത്ര  വിധീയതേ
ആദ്യഏഭിര്‍ ദ്രവൈഃ പാകഃ
കല്ക്കോ ഭല്ലാതകം കണാ
നാഗരം മരിചം ചൈവ
പ്രത്യേക ഷട്പലോന്മിതം
ഭല്ലാതകാസഹത്വേ തു
രക്തചന്ദനമുച്യതേ
പത്ഥ്യാക്ഷ ധാത്രീ സരളാ
ശതാഹ്വാ കര്‍ക്കടകീ വചാ  
ചോരപൂഷ്പീ ശഠീ മുസ്ത 
ദ്വയം പത്മം ച സോല്പലം
പിപ്പലീമൂല മഞ്ജിഷ്ഠാ
സാശ്വഗന്ധാ പുനര്‍ന്നവാ
ദശമൂലം സമുദിതം
ചക്രമര്‍ദ്ദോ രസാഞ്ജനം
ഗന്ധതൃണം ഹരിദ്രാ ച
ജീവനീയോ ഗണസ്തഥാ

ഏഷാം ത്രിപലികൈര്‍ഭാഗൈ
രാദ്യഃ പാകോ വിധീയതേ
ദേവപുഷ്പീ ബോളപത്രം
സല്ലകീരസശൈലജേ
പ്രിയംഗുശീര മധുര
മാംസീ ദാരു ബലാചലം
ശ്രീവാസോ നളികാഖോടീഃ
സൂക്ഷ്മൈലാ കുന്ദുതുര്‍മ്മുരാ
നഖീത്രയം ച ത്വക്പത്രീമ
പരാംപൂതി ച ചമ്പകം
മദനം  രേണുകം സ്പൃക്കാ
മരുവം ച പലത്രയം
പ്രത്യേകം ഗന്ധതോയേന 
ദ്വിതീയഃ പാക ഇഷ്യതേ
ഗന്ധോദകം തു ത്വക് പത്രീ
പത്രകോശിര മുസ്തകം
പ്രത്യേകം സബലാമൂലം
പലാനി  പഞ്ചവിംശതിഃ
കുഷ്ഠാര്‍ദ്ധഭാഗേ f ത്ര ജല
പ്രസ്ഥാസ്തു പഞ്ചവിംശതിഃ
അര്‍ദ്ധാവശിഷ്ടഃ കര്‍ത്തവ്യഃ
പാകേ ഗന്ധാംബുകര്‍മ്മണി
ഗന്ധാംബു ചന്ദാനാംബുഭ്യാം
തൃയീയഃ പാക ഇഷ്യതേ
കല്‍ക്കോ f ത്ര കേസരം കുഷ്ഠം
ത്വക് കാലീയക കുങ്കുമം
പത്രശ്രീയം ഗ്രന്ഥിപര്‍ണ്ണം
ലതാകസ്തുരികാ തഥാ
ലവങ്ഗാഗരു തക്കോല
ജാതീ കോശഫലാനി  ച
ഏലാ ലവങ്ഗം ഖല്വീ ച
പ്രത്യേകം ത്രിപലോന്മിതം
കസ്തൂരി ഷട്പലേ ചന്ദ്രാല്‍
പലം സാര്‍ദ്ധം ച ഗൃഹ്യതേ
വേദാര്‍ത്ഥം ച പുശ്ചന്ദ്രമദൌെ
ദേയൌ താതോന്മിതൌെ
മഹാപ്രസാരിണീസേയം
രാജഭോഗ്യാ പ്രകീര്‍ത്തിതാ
ഗുണാന്‍ പ്രസാരണീനാം തു
വഹത്യേഷ ബലോത്തമാല്‍.   

പ്രസാരിണി മുന്നൂറുപലം. മഞ്ഞപ്പൂവുളള കരിങ്കുറുഞ്ഞി ഇരുന്നൂറുപലം. അമുക്കരം, വെളുത്താവണക്കിന്‍വേര്, ശതാവരിക്കിഴങ്ങ്, അരത്ത, തഴുതാമവേര്, പൂക്കൈതവേര്, ദശമൂലം,  വേപ്പിന്‍തൊലി, ഇവ ഓരോന്നും പ്രത്യേകം ഓരോ തുലാം. ദേവതാരം അന്‍പതു പലം. നെന്മേനിവാകത്തൊലി അന്‍പതു പലം. കോലരക്ക് ഇരുപത്തഞ്ചുപലം. എല്ലാം കൂടി രണ്ടായിരത്തി ഒരുനൂറിടങ്ങഴി വെളളത്തില്‍ പാകം ചെയ്തു  മുപ്പത്തിരണ്ടിടങ്ങഴിയാക്കി ഇരുപത്താറ് ആഢകം (ഇനിയും പതിനാറിടങ്ങഴി മതി എന്നു പറയുന്നതുകൊണ്ട് പതിനാറിടങ്ങഴി) കാടിയും, പാല്‍, തൈര്‍, ഇവ പതുപ്പത്തിടങ്ങഴിയും തൈരിന്‍വെളളം നാലിടങ്ങഴിയും കരിമ്പിന്‍നീര് എട്ടിടങ്ങഴിയും മൂന്നുറുപലം ആട്ടിന്‍ മാംസം നാല്പത്തഞ്ചിടങ്ങഴി വെളളത്തില്‍ കഷായം വച്ചു പതിനേഴിടങ്ങഴിയാക്കി അതും  നാലിടങ്ങഴി മഞ്ചട്ടിക്കഷായവും, പതിനേഴിടങ്ങഴി എണ്ണയും ചേര്‍ത്ത് ചേര്‍ക്കുരു(ചേര്‍ക്കുരുവിന്റെ വീര്യം സഹീയമല്ലെങ്കില്‍ രക്തചന്ദനം ചേര്‍ക്ക) ചെറുതിപ്പലി, ചുക്ക്, കുരുമുളക്, ഇവ ഓരോന്നും ആറുപലം വീതം. കടുക്കാത്തോട്, താന്നിക്കാത്തോട്, നെല്ലിക്കാത്തോട്, ചരളം, ശതകുപ്പ,  കര്‍ക്കടകശൃംഗി, വയമ്പ്, ശംഖുപുഷ്പത്തിന്‍വേര്, കച്ചോലക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, കഴിമുത്തങ്ങാ , താമരക്കിഴങ്ങ്, ചെങ്ങഴുനീര്‍ക്കിഴങ്ങ്, തിപ്പലിവേര്, മഞ്ചട്ടിപ്പൊടി, അമുക്കുരം ,തഴുതാമവേര്, ദശമൂലം, തകര, രസാഞ്ജനം, നാന്മുകപ്പുല്ല്, മഞ്ഞള്‍, ജീവനീയഗണം, ഇവ മൂന്നുപലം വീതം കല്‍ക്കം ചേര്‍ത്തു പാകം ചെയ്തെടുത്ത് (ഇത് ആദ്യത്തെ പാകമാണ്) അതിനു ശേഷം ദേവപുഷ്പം (ഇലവര്‍ങ്ഗപ്പൂവ്), നറുംപശ, പച്ചില, ചിറ്റീന്തല്‍വേര്, കന്മദം, ഞാഴല്‍പ്പൂവ്, രാമച്ചം, കാട്ടുശതകുപ്പ, ജടാമാഞ്ചി, ദേവതാരം, കുറുന്തോട്ടിവേര്, കുന്തുരക്കം,  മുരാമാഞ്ചി മൂന്നുവിധം, നഖം, കരിഞ്ജീരകം, ദേവതാരുഭേദം, പൂതവൃക്ഷം, ചെമ്പകപ്പൂവ്,  മലങ്കാരയ്ക്കാ, അരേണുകം, പിച്ചകപ്പൂവ്, കര്‍പ്പൂരതുളസി, ഇവ മൂന്നുപലം വീതം കല്‍ക്കമായി ഗന്ധോദകം ചേര്‍ത്ത് കാച്ചുക (ഇത് രണ്ടാം പാകം) (ഇലവര്‍ങ്ഗം, പച്ചില ,രാമച്ചം, മുത്തങ്ങാക്കിഴങ്ങ്, കുറുന്തോട്ടിവേര്, ഇവ പ്രത്യേകം ഇരുപത്തിയഞ്ചു പലം വീതം.   വെളളക്കൊട്ടം പലം പത്തര. ഇവ ഇരുപത്തിയഞ്ചിടങ്ങഴി വെളളത്തില്‍ കഷായം വച്ച് പകുതിയാക്കുന്നതാണ് ഗന്ധോദകം) രണ്ടാമതു പാകം ചെയ്തതിനു ശേഷം പിന്നെയും ഗന്ധോദകവും ചന്ദനജലവും ചേര്‍ത്ത് നാഗപ്പൂവ്, വെളളക്കൊട്ടം, ഇലവര്‍ങ്ഗം, തകര, കുങ്കുമപ്പൂവ്, കരിഞ്ചണ്ണക്കിഴങ്ങ്, ലതാകസ്തൂരി, ഇലവര്‍ങ്ഗപ്പൂവ്, അകില്‍, തക്കോലം, ജാതിപത്രി, ജാതിക്കാ, ഏലത്തരി, പഴമുതിര, ഇവ ഓരോന്നും മുമ്മൂന്നുപലം വീതം. കസ്തൂരി ആറുപലം. കര്‍പ്പൂരം പലം ഒന്നര. ഇവ കല്‍ക്കമായി മൂന്നാമതും പാകം ചെയ്യുക. ഇവിടെ ചന്ദനോദകത്തിനു  വിശേഷിച്ച് അളവു പറയായ്ക കൊണ്ട് തൈലത്തിനു  സമം ചേര്‍ത്തുകൊളളണം. ഗന്ധദ്രവ്യങ്ങള്‍ തൈലത്തിന്  വാസനയുണ്ടാക്കുന്നതിനായി വാങ്ങിയതിനു ശേഷം പാത്രപാകമായി ചേര്‍ക്കണം. ഇതിന് മഹാരാജപ്രസാരിണിതൈലമെന്നു പേര്‍.
(സഹസ്രയോഗം )

രാസ്നാദികഷായം
ചിറ്റരത്ത, ഇത്തിള്‍ക്കണ്ണി, ദേവതാരം,ചരളം, ഏലാവാലുകം, ഇവ കഷായം വച്ച് ആറിയാല്‍ പഞ്ചസാരയും തേനും മേമ്പൊടിചേര്‍ത്തു സേവിക്കുക; വാതജ്വരം ശമിക്കും

അഷ്ടാദശശതികം പ്രസാരിണീതൈലം
പ്രസാരിണി സമൂലം പലം മൂന്നൂറ്. ശതാവരിക്കിഴങ്ങ്, അമുക്കുരം, പൂക്കൈത, ഇവ ഓരോന്നും നൂറുപലംവീതം. ദശമൂലം ഓരോന്നും നൂറുപലം വീതം. കുറുന്തോട്ടി സമൂലം പലം നൂറ്.  കരിങ്കുറുഞ്ഞി പലം നൂറ്. എല്ലാം കൂടി
നൂറുദ്രോണം. (1600 ഇടങ്ങഴി) വെളളത്തില്‍ കഷായം വച്ച് നൂറിടങ്ങഴിയാക്കി കഷായത്തില്‍ രണ്ടിരട്ടി കാടിയും ,തൈരിന്‍വെളളം ,പാല്‍ ,ചുത്തപ്പുളി ,കരിമ്പിന്‍നീര്,  ആട്ടിന്‍മാംസരസം, ഇവ ഓരോന്നും നന്നാലിടങ്ങഴി വീതവും പതിനാറിടങ്ങഴി എണ്ണയും ചേര്‍ത്ത് ഉറപ്പുളള പാത്രത്തിലാക്കി ചേര്‍ക്കുരു,  തകരം,  ചുക്ക്,  ചെറുതിപ്പലി,  കൊടുവേലിക്കിഴങ്ങ്,  കച്ചോലക്കിഴങ്ങ്,  വയമ്പ്,  പിച്ചകപ്പൂവ്,  പ്രസാരിണി,  തിപ്പലി,  ഏലം,  ദേവതാരം, ശതകുപ്പ,   ഏലത്തരി,  ഇലവര്‍ങ്ഗം,  ഇരുവേലി, കുങ്കുമപ്പൂവ്, കസ്തൂരി, മഞ്ചട്ടി, കന്മദം,  അസുരനഖം (പുലിച്ചുവടി,) അകില്‍, കര്‍പ്പൂരം, കുന്തുരുക്കം, മഞ്ഞൾ, ഗ്രാമ്പൂവ്, നാന്മുഖപ്പുല്ല്, രക്തചന്ദനം, തക്കോലം, വേലിപ്പരുത്തി, മുത്തങ്ങാക്കിഴങ്ങ്, തകരം, ചെങ്ങഴുനീർക്കിഴങ്ങ്, പച്ചില,  കച്ചോലക്കിഴങ്ങ്, അരേണുകം, ചേലേയം, തിരുവട്ടപ്പശ , ത്രിഫലത്തോട്, കൊടിത്തൂവവര്, ശതാവരിക്കിഴങ്ങ്, ചരളം,  താമരയല്ലി,  ഞാഴൽപ്പൂവ്,  രാമച്ചം,  ജടാമാഞ്ചി,  ജീവനീയഗണം, തഴുതാമവേര്, ദശമൂലം, അമുക്കുരം,നാഗപ്പൂവ്, രസാഞ്ജനം, കടുകുരോഹിണി,   ജാതിക്കാ, അടക്കാമണിയൻവേര്, ചിറ്റീന്തല്‍വേര്, നറുംപശ, ഇവ മൂന്നുപലം വീതം കല്ക്കം ചേര്‍ത്ത് പാകത്തില്‍ കാച്ചിയെടുക്കുക; ഈ തൈലം തേച്ചുകുളിച്ചാല്‍ തൊലിയിലുളള രോഗങ്ങള്‍മാറും. കുടിച്ചാല്‍ കോഷ്ഠത്തിലുളള രോഗങ്ങളും ചോറില്‍കൂട്ടിയുണ്ടാല്‍  സൂക്ഷ്മനാഡിയിലുളള രോഗങ്ങളും നസ്യം ചെയ്താല്‍ ശിരസ്സിലുളള രോഗങ്ങളും വസ്തിചെയ്താല്‍ പക്വാശയത്തിലുളള രോഗങ്ങളും കഷായവസ്തിചെയ്താല്‍ സകലാവയവങ്ങളിലുളള രോഗങ്ങളും ശമിക്കും. ഇങ്ങനെ  ഈ തൈലം ആറുവിധത്തില്‍ ഉപയോഗിക്കാം. ഇത് പെണ്‍കുതിര ,ആണ്‍കുതിര, ആന , പശു, ഇവയ്ക്കും മുഷ്യര്‍ക്കും കൊടുത്താല്‍ അമൃതിനു തുല്യമായ ഫലം സിദ്ധിക്കും. ഈ എണ്ണ ഒഴിച്ചാല്‍ ഉണങ്ങിയ വൃക്ഷങ്ങള്‍ തളിര്‍ത്തു ഫലസമൃദ്ധങ്ങളായിത്തീരും. ഇത് ഉപയോഗിച്ചാല്‍ വൃദ്ധനും യുവാവായിത്തീരും. പ്രസവിക്കാത്തവള്‍ പ്രസവിക്കും. അപുത്രനു പുത്രസമ്പത്തു ലഭിക്കും. എണ്‍പതു വാതരോഗങ്ങളും പൈത്തികങ്ങളും കഫജങ്ങളും സന്നിപാതജങ്ങളുമായ രോമഗങ്ങളും വേഗത്തില്‍ ശമിക്കും. ഇത് വൃഷ്ണ്യന്ധകന്മാര്‍ക്ക് വളരെ പ്രജകളെ കൊടുത്തിട്ടുളളതാണ്. വിഷ്ണുപൂജ ചെയ്തതിനു ശേഷം വേണം  ഈ തൈലം ഉപയോഗിക്കേണ്ടത്. ഈ തൈലത്തിന്റെ കഷായത്തില്‍ മുന്‍പറഞ്ഞ മരുന്നുകള്‍ക്കു പുറമേ അരത്ത ,ദേവതാരം, ഇവ അന്‍പതുപലം വീതം ചേര്‍ക്കണം. ചേര്‍ക്കുരുവിന്റെ ശക്തി സഹിക്കാന്‍ പാടില്ലെങ്കില്‍ അതിനു പകരം  രക്തചന്ദനം ഉപയോഗിക്കണം  .ഇലവര്‍ങ്ഗം, പച്ചില, കാട്ടുശതകുപ്പ, വെളളക്കൊട്ടം, ചെമ്പകപ്പൂവ്, കാവിമണ്ണ്,  ചണ്ണക്കിഴങ്ങ്, ജാതിക്കാ, കര്‍പ്പൂരതുളസി, ഇവയും കൂടി കല്‍ക്കത്തില്‍ അധികമായി ചേര്‍ക്കണം. കര്‍പ്പൂരവും കസ്തൂരിയും  ചുത്തപ്പുളിയില്‍ ചേര്‍ത്ത് ഗന്ധോദകമാക്കണം ദ്രവ്യശുദ്ധിയും പാകവിധിയും ഇനിയും പറയുന്ന പ്രസാരിണീതൈലത്തില്‍ വിധിച്ചിരിക്കുന്നതുപോലെ  ചെയ്യണം.
(സഹസ്രയോഗം)

ഇത് പോലുള്ള യോഗങ്ങൾ ഉണ്ട് എന്ന് അറിയാൻ മാത്രം ആണ് ഈ പോസ്റ്റ് ഇട്ടത്.  ഇന്നതെ കാലത്ത് ഇത് പോലുള്ള യോഗങ്ങൾ ഇതേ അളവിൽ ഉണ്ടാക്കുക എന്നത് ഒരു വൈദ്യനേ സംബന്ധിച്ച് വെല്ലുവിളിയാണ്. ഒന്നാമത്തായി അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും, കസ്തുരി പോലുള്ളവയുടെ നിരോധനവുമാണ് മുഖ്യ കാരണങ്ങൾ.

വനം വന്യജീവി നിയമ പ്രകാരം കസ്തുരി കൈവശം വെയ്ക്കുന്നത് കുറ്റകരമാണ് ഷെഡ്യൂൾ വൺ കാറ്റഗറിയിൽ ഉൾപ്പെട്ട മൃഗമാണ് കസ്തുരി മാൻ.

കസ്തുരി മാനിനെ കൊല്ലാതെ കസ്തുരി എടുക്കാൻ സാധിക്കില്ലല്ലോ. 1990 കളിലൊ മറ്റോ ഹിമാചൽ പ്രദേശ് ഗവൺമെൻ്റ് കസ്തുരിക്കു വേണ്ടി മാനിനെ കൊല്ലുന്നത് നിർത്താനായി ഒരു കസ്തുരി മാൻ ഫാം ഉണ്ടാക്കിയിരുന്നു. മാനിനെ കൊല്ലാതെ കസ്തൂരി എടുക്കാനായിരുന്നു പദ്ധതി. പക്ഷേ അത് അമ്പേ പരാജയപ്പെടുകയാണ് ഉണ്ടായത്. ലോകത്താകമാനം കസ്തൂരിക്ക് നിരോധനമുണ്ട് പക്ഷേ ചൈനീസ് മെഡിസിനിലെ ഒരു പ്രധാന ഘടകമായത്തിനാൽ ബ്ലാക് മാർക്കറ്റിൽ ചൈനയിൽ ലഭ്യമാണ് എന്ന് കേട്ടിട്ടുണ്ട്. പെർഫ്യുമിലും മറ്റും ഇപ്പോൾ കസ്തൂരി ക്ക് പകരം  സിന്തറ്റിക്ക് കസ്തുരിയാണ് ഉപയോഗിക്കുന്നത്.

ഏകാദശശതികം പ്രസാരിണീതൈലം =
പ്രസാരിണി തുലാം മൂന്ന്. നീലക്കുറിഞ്ഞി, അമൃത്, വെളുത്താവണക്കിന്‍വേര്, ഇവ ഒരു തുലാം വീതം. ചിറ്റരത്ത, നെന്മേനിവാകത്തൊലി, ഇവ അരത്തുലാംവീതം. നൂറ്റിയറുപതിടങ്ങഴി വെളളത്തില്‍ കഷായം വച്ച്
പതിനാറിടങ്ങഴിയാക്കി പതിനാറിടങ്ങഴി എണ്ണയും 32 ഇടങ്ങഴി ഉമിയോടുകൂടിയ ധാന്യത്തിന്റെ കാടിയും തൈരിന്‍വെളളം, ചുത്തപ്പുളിനീര്, ആട്ടിന്‍മാംസരസം, കരിമ്പിന്‍നീര്, പാല്‍, ഇവ പ്രത്യേകം നാലിടങ്ങഴി വീതവും ചേര്‍ത്ത് ചോനകപ്പുല്ല്, കര്‍ക്കടകശൃംഗി, ജീവനീയഗണം, മഞ്ചട്ടി, കാകോളി, കൊടിത്തൂവവേര്, ഏലത്തരി, കര്‍പ്പൂരം,  കുന്തുരുക്കം, ചരളം, പുഷ്കരമൂലം, മാഞ്ചി, പുലിച്ചുവടി, തകരം, ചെങ്ങഴുനീർക്കിഴങ്ങ്,പതുമുകം,  മഞ്ഞൾ, തക്കോലം, തൂണിയാങ്കം, ചെമ്പകപ്പൂവ്, രാമച്ചം, ഗ്രാമ്പൂവ്, കമുകിന്റെ  ഇളയഫലം (അടയ്ക്കാമണിയന്‍ വേരോ കമുകിന്റെ ഇളയവേരോ ചേര്‍ക്കുന്നതുത്തമം), ലതാകസ്തൂരി, ജാതിക്കാ, ശതാവരിക്കിഴങ്ങ്, തിരുവട്ടപ്പശ, ദേവതാരം, വെണ്‍ചന്ദനം,  വയമ്പ്,  കന്മദം,  ഇന്തുപ്പ്,  മുത്തങ്ങാക്കിഴങ്ങ്,  പ്രസാരിണിവേര്, വേലിപ്പരുത്തി,  തഴുതാമവേര്,  കച്ചോലം,   കസ്തുരി, ദശമൂലം, പൂക്കൈതവേര്, തകരം, നാന്മുകപ്പുല്ല്, അമുക്കുരം, ഇരുവേലി, അരേണുകം ,അഞ്ജനക്കല്ല്, ഈന്തപ്പഴം, കുമ്പിള്‍വേര്, അകില്‍, ഞാഴൽപ്പൂവ്, ശതകുപ്പ, വെളളക്കൊട്ടം, ചേര്‍ക്കുരു, ത്രിഫലത്തോട്, താമരയല്ലി, നറുനീണ്ടിക്കിഴങ്ങ്, ഇലവര്‍ങ്ഗം, ത്രികടുക്, ഇവ ഓരോന്ന് മൂന്നുപലംവീതം കല്‍ക്കം അരച്ചുകലക്കി ചെറുതീയെരിച്ച് വറ്റിച്ച് പാകത്തില്‍ iഅരിച്ചെടുക്കണം. പാനം,  അഭ്യഞ്ജം, വസ്തി, നസ്യം, ഇവയില്‍ ഉപയോഗിച്ചാല്‍ സര്‍വ്വാങ്ഗവാതം, അര്‍ദ്ധാങ്ഗവാതം, അവയവവാതം, സന്ധി, അസ്ഥി ഈ സ്ഥാനങ്ങളിലുളള വാതം, ഇവയും കഫജങ്ങളും പിത്തജങ്ങളും ആയ സകല രോഗങ്ങളും ശമിക്കും. ധാതുക്കള്‍ക്കു വൃദ്ധിയും സ്ഥിരതയും സിദ്ധിക്കും. നവമായ യൌവനം  ഉണ്ടാകും. വൃദ്ധനും  ബലം വര്‍ദ്ധിക്കും. പ്രസവിക്കാത്തവള്‍ക്ക് ഗര്‍ഭം ഉണ്ടാകും. ഈ തൈലം സേവിച്ചാല്‍ വൃദ്ധയും കൂടി പ്രസവിക്കും. ഈ തൈലം കൊണ്ടു സേചനം  ചെയ്താല്‍ ഉണങ്ങിയ വൃക്ഷങ്ങള്‍ തളിര്‍ത്തു ഫലപുഷ്ടിയുളളതായും, അംഗത്തിന് ഒടിവുതട്ടിയ
മനുഷ്യരും പശുക്കളും കുതിരകളും ആനകളും ദൃഢശരീരികളായും തീരും.
സഹസ്രയോഗം
( ടിജോ എബ്രാഹാം)

ചരളം ഭാഗം 3

പ്രഭഞ്ജവിമര്‍ദ്ദം
കുറുന്തോട്ടിവേര്, ശതാവരിക്കിഴങ്ങ്, മുരിങ്ങവേരിലെത്തൊലി, നീര്‍മാതാളത്തൊലി, ഏരുക്കിന്‍വേര്, പുങ്കിന്‍തൊലി, വെളുത്താവണക്കിന്‍വേര്, കൊടിയാവണക്കിന്‍വേര്, അമുക്കരം, പ്രസാരിണിവേര്, കുമിഴിന്‍വേര്, കൂവളവേര്, പാതിരിവേര്, പയ്യാഴാന്തവേര്, മുഞ്ഞവേര്, ഇവ എല്ലാംകൂടി മുപ്പത്തിരണ്ടുപലം മുപ്പത്തിരണ്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ച് എട്ടിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് രണ്ടിടങ്ങഴി എണ്ണയും നാലിടങ്ങഴി പാലും, തൈര്, കാടി ഇവ രണ്ടിടങ്ങഴി വീതവും ചേര്‍ത്ത് തകര,ദേവതാരം, ഏലത്തരി, ചുക്ക്, കടുക്, കച്ചോലക്കിഴങ്ങ്, ശതകുപ്പ, വെളളക്കൊട്ടം, ഇന്തുപ്പ്, ചിറ്റരത്ത, വയമ്പ്, കൊടുവേലിക്കിഴങ്ങ്, മാഞ്ചി,ചരളം ,കടുകരോഹിണി, ഇവ മൂന്നു കഴഞ്ചുവീതം കല്‍ക്കം അരച്ചുകലക്കി ചെറുതീയെരിച്ചു വറ്റിച്ച് അരിക്കുക; ഇത് സേവിക്കാനും  വസ്തിക്കും കൊള്ളാം. എണ്‍പതു പ്രകാരമുളള വാതരോഗങ്ങളേയും, വാതഗുന്മത്തേയും, ആന്ത്രവൃദ്ധിയേയും, വാതവിദ്രധിയേയും ,മൂഢഗര്‍ഭത്തേയും, വിവിധപ്രകാരത്തിലുളള വേദനയേയും ശമിപ്പിക്കും. വളരെ പ്രഭാവമുളള ഈ തൈലം ആത്രേയാദികള്‍ നിര്‍മ്മിച്ചിട്ടുളളതാകുന്നു.
(സഹസ്രയോഗം )

ബലാധാത്ര്യാദി
കുറുന്തോട്ടിവേര്,നെല്ലിക്കാത്തോട് ഇവ നാലുപലം വീതം. ചിറ്റമൃതു പലം നാല്. രാമച്ചം പലം രണ്ട്. ഇരുവേലിപലം ഒന്ന്. ചന്ദനം,  ഇരട്ടിമധുരം,ഇലഞ്ഞിപ്പൂവ്, ഇവ മൂന്നുംകൂടി എട്ടുപലം. എല്ലാം കൂടെ പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ചു  നാലിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ഇരട്ടിമധുരം, ചന്ദനം രണ്ടും, വെളളക്കൊട്ടം, ചെങ്ങഴുനീര്‍ക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ്, ഏലം, ഇലവര്‍ങ്ഗം, പച്ചില, ജാതിക്കാ ,തക്കോലപ്പുട്ടില്‍, കര്‍പ്പൂരം, ശതാവരിക്കിഴങ്ങ്, ജീവകം, ഇടവകം,മുന്തിരിങ്ങാപ്പഴം, കുങ്കുമപ്പട്ട, രാമച്ചം, താമരക്കിഴങ്ങ്,  കച്ചോലം, ചണ്ണക്കിഴങ്ങ്, പുഷ്കരമൂലം, നാഗപ്പൂവ്, അസുരനഖം, ചോനകപ്പുല്ല്, ചരളം, ദേവതാരം, ചെമ്പകപ്പൂവ്, വെരുകില്‍പുഴുക്, ഇലിപ്പപ്പൂവ്, നാന്മുകപ്പുല്ല്, ത്രിഫലത്തോട്, ഞാഴല്‍പ്പൂവ്, ശതകുപ്പ,  മുത്തങ്ങാക്കിഴങ്ങ്, അകില്‍, ജടാമാഞ്ചി, തകര, താമരയല്ലി, ഇവ കല്‍ക്കവും നാലിടങ്ങഴിപ്പാലും, പച്ചനെല്ലിക്കാനീര്, ശതാവരിനീര്, എണ്ണ,ഇവ ഇടങ്ങഴിവീതവും ചേര്‍ത്ത് പാകത്തിന്  കാച്ചിയരിക്കുക; തേയ്ക്കാനും നസ്യത്തിനും  കൊളളാം. ശിരോരോഗങ്ങള്‍, നേത്രരോഗങ്ങള്‍, സര്‍വ്വാംഗസന്താപം, തലപുകച്ചില്‍, കണ്ണു പുകച്ചില്‍, ഇവയ്ക്കും നല്ലതാകുന്നു. ക്ഷതക്ഷയാദികളെ നശിപ്പിച്ച് രക്തം, മാംസം ,ബലം, ഇവയെ പ്രദാനം ചെയ്യുന്നതും ശുക്ളവൃദ്ധികരവുമാകുന്നു. ഇത് ജത്രൂര്‍ദ്ധജങ്ങളായ എല്ലാ രോഗങ്ങളേയും ശമിപ്പിക്കും.

ലാക്ഷാദി
കോലരക്ക്, രാമച്ചം, കുറുന്തോട്ടിവേര്, ഇവയുടെ കഷായത്തില്‍ രണ്ടിടങ്ങഴി തൈര്‍വെളളവും ഇടങ്ങഴി എണ്ണയും ചേര്‍ത്ത് കല്‍ക്കത്തിന്  മൂവിലവേര്, വിടയം (കുരുവില്ലാക്കടുക്ക), അതിവിടയം ,വരട്ടുമഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, ശതാവരിക്കിഴങ്ങ്, ജീവകം, ഇടവകം, ചിറ്റരത്ത, ചരളം, ദേവതാരം, മുത്തങ്ങാക്കിഴങ്ങ്, പാല്‍മുതക്കിന്‍കിഴങ്ങ്, മഞ്ചട്ടി, ഇരുവേലി, അകില്‍, കുടകപ്പാലയരി, വെളളക്കൊട്ടം, രക്തചന്ദനം, ഇരട്ടിമധുരം, ഇലിപ്പക്കാതല്‍, നറുനീണ്ടിക്കിഴങ്ങ്,  പാല്‍വളളിക്കിഴങ്ങ്, കൊടിത്തൂവവേര്, നെല്ലിക്കാത്തോട്, പെരുങ്കുരുമ്പവേര്, കടലാടിവേര്,  ചന്ദനം,   രക്തചന്ദനം, അമുക്കുരം, തിപ്പലി, അരേണുകം, പുത്തരിച്ചുണ്ടവേര്, ചോനകപ്പുല്ല്, അയമോദകം, പാടത്താളിക്കിഴങ്ങ്,ചെറുതേക്ക്, ഇവ അരച്ചുകലക്കി മൃദ്വഗ്നികൊണ്ടു പാകമാക്കി അരിച്ചു തേയ്ക്കുക. ജീര്‍ണ്ണജ്വരം, ക്ഷയം, ഉന്മാദങ്ങള്‍, ശ്വാസം, അപസ്മാരം, മുതലായവ ശമിക്കും. ബലവും , പുഷ്ടിയും, ഉണ്ടാക്കും. ഗര്‍ഭിണികള്‍ക്കും ഈ തൈലം വിശേഷമാണ്

സരളാദിചൂര്‍ണ്ണം
ചരളം, അകില്‍, വെളളക്കൊട്ടം, ദേവതാരം, ചുക്ക്, ഇവ പൊടിച്ച് ഗോമൂത്രവും കാടിയും ചേര്‍ത്ത് അതില്‍ സേവിക്കുക; നീര്  ,കഫവാതം ,ഇവ ശമിക്കും

സര്‍വാമയാന്തകഘൃതം
കുറുന്തോട്ടിവേര് പലം നൂറ്. ദശമൂലം പത്തുപലം വീതം.ശതാവരിക്കിഴങ്ങ്,  അമൃത്, മുന്തിരിങ്ങാപ്പഴം, ഇരട്ടിമധുരം, ദേവതാരം, ഉഴുന്ന്, അമുക്കുരം, വെളുത്താവണക്കിന്‍വേര്, പഴമുതിര, ലന്തക്കുരു, യവം, നിലനാരകം, മുഞ്ഞവേര്, പുനര്‍മുരിങ്ങവേര്,തഴുതാമവേര്,  നീര്‍മ്മാതളവേരിന്‍തൊലി, കരുനൊച്ചിവേര്, സോമലത, എരുക്കിന്‍വേര്,പ്രസാരിണി, മാഞ്ചി, മുതിര,കൊടുവേലിക്കിഴങ്ങ്, അടക്കാമണിയൻവേര്, ത്രികൊല്പ്പക്കൊന്ന, വയമ്പ്,  കരിങ്കുറിഞ്ഞിവേര്, കൊന്നത്തൊലി, പെരുങ്കുരുമ്പവേര്, നീര്‍മരുതിത്തൊലി,  ചിറ്റരത്ത, പരുത്തിക്കുരു, മരമഞ്ഞൾത്തൊലി,  ആനക്കുറുന്തോട്ടിവേര്, പുങ്കിന്‍തൊലി ,ആവിത്തൊലി, ആവണക്കിന്‍വേര്, ചുക്ക്, അമരിവേര്, വരില്ലിെനെല്ലിന്‍വേര്, കരിമ്പിന്‍വേര്, ദർഭവേര്, ആറ്റുദര്‍ഭവേര്, ഇവ ഓരോന്നും അഞ്ചുപലം വീതം. ഇരുന്നൂറ്റി നാല്‍പതിടങ്ങഴി വെളളത്തില്‍ കഷായം വച്ച് മുപ്പത്തിരണ്ടിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ഇടങ്ങഴി പശുവിന്‍ നെയ്യും  നാലിടങ്ങഴി നല്ലെണ്ണയും ഇടങ്ങഴി ആവണക്കെണ്ണയും ചേര്‍ത്ത് ദേവതാരം, വയമ്പ്, വെളളക്കൊട്ടം, ചരളം, ചന്ദനം, മാഞ്ചി,ചിറ്റരത്ത, ശതകുപ്പ, കന്മദം, അകില്‍ ,  കച്ചോലക്കിഴങ്ങ് , കാകോളി ,ക്ഷീരകാകോളി, ജീവകം, ഇടവകം, മേദ, മഹാമേദ, ചപ്പങ്ങം,  രക്തചന്ദനം,   ഇരട്ടിമധുരം, രാമച്ചം, മഞ്ചട്ടി, അരേണുകം, പുലിച്ചുവടിവേര്, ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, നാഗപ്പൂവ്, തകരം, പതുമുകം, അമുക്കുരം, മഞ്ചട്ടി, കായം, മുരിങ്ങവേരിന്‍തൊലി, വെളളക്കൊട്ടം, ഇരട്ടിമധുരം, പാച്ചോറ്റിത്തൊലി, വിഴാലരിപ്പരിപ്പ്, ചെഞ്ചല്യം, ഗുഗ്ഗുലു, ഇവ ഒരു കഴഞ്ചുവീതം കല്ക്കം ചേര്‍ത്ത് ചെറുതീയെരിച്ചു വറ്റിച്ച് തൊട്ടുരിയാടാതെ നസ്യം, പാനം , അഭ്യംഗം, വസ്തി, ഇവകള്‍ക്കു യോജിച്ച പാകങ്ങളിലരിച്ചുവച്ചിരുന്ന് ഉപയോഗിക്കുക; ആഢ്യവാതം, ശിരഃകമ്പം, തുടങ്ങിയ വാതരോഗങ്ങളും, പിത്തജങ്ങളും കഫജങ്ങളുമായ സകലരോഗങ്ങളും ശമിക്കും
സഹസ്രയോഗം

ശതാഹ്വാദിഘൃതം
ശതകുപ്പ, കൊട്ടം, രാമച്ചം, കാകോളി, ക്ഷീരകാകോളി, ഇരട്ടിമധുരം, കരിമ്പിന്‍വേര്, ചരളം, തിപ്പലി, ദേവതാരം, ഇവ സമം കല്ക്കം ചേര്‍ത്തു നെയ്യിൽ എട്ടിരട്ടി പാലും ചേര്‍ത്തു കാച്ചിയരിച്ച് കണ്ണില്‍നിർത്തുക; തിമിരം ശമിക്കും.
( ടി ജോ എബ്രാഹാം)

ഒരു ചെറിയ തരികസ്തൂരി എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇടുക. അത് താണുപോകുന്ന വഴി ഒരു വര കാണപെടുന്നുണ്ട് എങ്കിൽ അത് ഒറിജിനൽ കസ്തൂരി ആണ്.

അൽപം ഗോരോചന എടുത്ത് ചുണ്ണാമ്പു ചേർന് തിരുമ്മുക ചുവപ്പു നിറം ഉണ്ടാകുന്നില്ല എങ്കിൽ അത് ഒറിജിനൽ ഗോരോചന ആണ്.
( ഹർഷൻ )

മാൻ കസ്തൂരി നേപ്പാൾ ഭാഗത്താണ് പ്രധാനമായും ലഭിക്കുന്നത്. കസ്തൂരി മുഴ പോലെ ഉണ്ടായി മൂപ്പാ കുമ്പോഴാണ് കസ്തൂരിമാൻ ഇണചേരുന്നത്. ഇണ ചേർന്നു കഴിഞ്ഞാൽ കസ്തൂരി ഉള്ള ഭാഗത്ത് അതിയായ ചൊറിച്ചിൽ ഉണ്ടാകും  അപ്പോൾ കസ്തൂരിമാൻ ഈ ഭാഗം മരങ്ങളിൽ ഉരക്കും. പരിചയമുള്ള വനവാസികൾ പിടിയില്ലാത്ത കത്തി മരത്തിൽ ചരിച്ച് കെട്ടി വക്കുകയും മാൻ അതിൽ ഉരസിയാൽ കസ്സ്തൂരി മുറിഞ്ഞ് വീഴുകയും ചെയ്യും. നേപ്പാൾ ഗവൺമെന്റ് ഇങ്ങനെ കസ്തൂരി ശേഖരിക്കാൻ വനവാസികൾക്ക് പാസ് കൊടുത്തിരുന്നു.

കസ്തൂരി ഒരു തരി ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടാൽ അത് താഴുന്ന വഴി ഒരു വര പോലെ നിറം വ്യാപിച്ച് കാണാം. അതാണ് ശരിയായ കസ്തൂരി യുടെ ലക്ഷണം
(ജയപ്രകാശ് വൈദ്യർ )

മറ്റൊന്ന് കസ്തൂരി കറുപ്പ് ഉണ്ടാക്കുന്നത് പോലേയും ,മുത്തങ്ങ കിഴങ്ങിൽ നിന്ന് കർപ്പൂരം എടുക്കുന്നത് പോലേയും ,ഭൂ നാഗത്തിൽ നിന്ന് ചെമ്പ് എടുക്കുന്നത് പോലേയും രസസിദ്ധവിധിയിൽ സസ്യങ്ങളിൽ നിന്ന് കസ്തൂരി എടുക്കാം എന്ന് എവിടെയൊ വായിച്ചിട്ടുണ്ട്. കസ്തുരി വെണ്ടയിലും മറ്റും തനി കസ്തൂരിയുടെ അംശങ്ങൾ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടല്ലോ. അത് പോലേ തന്നെ വെറെ പല സസ്യങ്ങളിലും കസ്തുരിയുടെ അംശങ്ങളുണ്ട്. അതൊടൊപ്പം തന്നെ മുതല , ചില സർപ്പങ്ങൾ എന്നിവയും കസ്തൂരി ഉത്പാദിപ്പിക്കുന്നുണ്ട്.

മുൻപ് പറഞ്ഞത് പോലെ നമ്മുടെ പൌരാണികർ മാനിൽ നിന്നല്ലാതെയും കസ്തൂരി എടുത്തിരുന്നതായി പറയപ്പെടുന്നു.
ചില സസ്യങ്ങളിൽ മൃഗ കസ്തൂരിക്ക് സമാനമായ രാസഘടകങ്ങൾ ഉണ്ട് . അതിനാൽ നമ്മുടെ പൌരാണികർക്ക് അത് എടുക്കാനുള്ള വിദ്യ അറിയാമായിരുന്നിരിക്കാം. എങ്ങനെയാണ് എടുക്കുന്നത് എന്ന വിശദ വിവരമൊന്നും അറിയില്ല . ഇങ്ങനെ ഒന്ന് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.
( ടിജോ എബ്രാഹാം )

ചരളത്തിന്റെ തടി കഷായം വച്ചു കഴി ചാൽ ശരീരം ചുട്ടുനീറ ലിനും ചുമയ്ക്കും ശരീരക്ഷീണത്തിനും നല്ലതാണ്.

ചരളത്തിന്റെ പശയും കറുത്ത വട്ടും കൂടി വെണ്ണയിൽ അരച്ച് നീര് ഉള്ളിടത് പുരട്ടിയാൽ നീര് പെട്ടെന്ന് വലിയും.
( രതീശൻ വൈദ്യർ )

കസ്തൂരി തയ്യാറാക്കുന്ന മുറ:-
നമ്മൾ സാധാരണയായി  വലിയ വിലകൊടുത്ത് വാങ്ങുന്ന കസ്തൂരി ഒന്നും കസ്തൂരി  അല്ല എന്നുള്ള കാര്യം ഓർമ്മിക്കുക..
പല പടങ്ങളിലും  കാണുന്ന ആ കസ്തൂരിയുടെ പുറത്തിരിക്കുന്ന രോമങ്ങൾ ഒക്കെ ആടിന്റെ തൊലിയിൽ തയ്യാറാക്കി എടുക്കുന്ന ഒരു സഞ്ചി മാത്രമാണ്.. അതുപോലെതന്നെ ആടിന്റെ തൊലിയും അതിനകത്ത് ആടിന്റെ യോ കാളയുടെ യോ രക്തം ഒഴിച്ച് കമ്പി കൊണ്ടു വരിഞ്ഞു കെട്ടി ഉണക്കി എടുക്കുന്നതാണ് കസ്തൂരി എന്ന് പറഞ്ഞു നമ്മൾ വാങ്ങി ഉപയോഗിക്കാൻ പോകുന്നത്. ഇങ്ങനെ ഡ്യൂപ്ലിക്കേറ്റ്  കസ്തൂരി ദിവസവും തയ്യാറാക്കി വിൽക്കുന്ന ഒരു ഗ്രൂപ്പിനെ എനിക്ക് നന്നായി അറിയാവുന്നതാണ്.. നാടു നീളെ നടന്ന് ആടിനെഅറുക്കുന്ന  സ്ഥലത്ത് പോയി രക്തം കളക്ട് ചെയ്തു ആടിന്റെ തൊലിയുടെ അകത്തൊഴിച്ചു ഉരുട്ടി കമ്പി കൊണ്ട് നന്നായി ചുറ്റിക്കെട്ടി വെയിലിൽ  ഒരുമാസം സൂക്ഷിച്ച് എടുത്ത് അതിന്റെ  കമ്പി അഴിച്ചു മാറ്റിയ ശേഷം പുറംഭാഗം എല്ലാം കട്ട് ചെയ്തു മാറ്റി  വിൽക്കുന്നു.. നമ്മുടെ കൈകളിൽ കസ്തൂരി എന്ന് പറഞ്ഞു വരുന്നത് ഇതാണ്. ഇതിനകത്തിരിക്കുന്നത്   രക്തം ആയതുകൊണ്ട് അതിന്റെ ഒരു ചെറിയ കഷ്ണം  എടുത്ത് വെള്ളത്തിൽ ഇട്ടു കഴിഞ്ഞാൽ നൂൽ പോലെ താഴേക്കു  പോവുകയും അതുപോലെതന്നെ സൈഡിൽ  രണ്ടുമൂന്ന് അരികൾ വച്ചുകൊടുത്താൽ  കാന്തം പോലെ അങ്ങോട്ട് ആകർഷിക്കുകയും ചെയ്യും  .ഇതുപോലെ ചെയ്ത വ്യാജ കസ്തുരി യിൽ 7 മുതൽ പതിനൊന്നു വരെ അരി  കാന്തത്തിൽ പിടിക്കുമ്പോലെ  പിടിച്ചിരിക്കുകയും ചെയ്യും . എന്തെങ്കിലും മരുന്നിനു ഇത് ചേർക്കുമ്പോൾ ഒരു ജന്തുവിന്റെ  രക്തം ചേർത്ത ഗുണം മാത്രമേ ലഭിക്കുകയുള്ളൂ..കസ്തൂരി യുടെ ഗുണം ലഭിക്കില്ല.. ഇതുപോലെതന്നെ പലതരം ജന്തുക്കളിൽ നിന്നും  കസ്തൂരി കൾ തയ്യാറാക്കുന്നുണ്ട്.”കള്ളി കസ്തൂരി “എന്ന പേരിൽ ചപ്പാത്തി കള്ളി  എന്ന് പറയുന്ന കളളിയിൽ  ഒരു ചെറിയ ജന്തു ഉണ്ട്.  അതിനെ എടുത്ത് അരച്ച് കസ്തൂരി ആയിട്ട് ഉപയോഗിക്കാറുണ്ട് നേരത്തെ പറഞ്ഞ ഈ ഡ്യൂപ്ലിക്കേറ്റ് കസ്തൂരിയെക്കാൾ ഗുണമുള്ളതാണ് ഇപ്പൊൾ  പറഞ്ഞ ചപ്പാത്തികള്ളിയിലെ  കള്ളി കസ്തുരി..  കസ്തൂരിമാനിൽ നിന്ന്  മാത്രമേ കസ്തൂരി ലഭിക്കാറുള്ളൂ എന്നാൽ ഗവൺമെന്റ് കണക്ക് പ്രകാരം ഇന്ത്യയിൽ  രണ്ടുമൂന്ന് കസ്തൂരിമാൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് പത്ത് വർഷം മുമ്പേ  അറിയിച്ചിരുന്നതാണ്.. എന്നാലും നമ്മുടെ നാട്ടിൽ എല്ലാ ദിവസങ്ങളിലും കസ്തൂരിയുടെ ബിസിനസ് നടന്നുകൊണ്ടിരിക്കുകയാണ്.   ഇതൊക്കെ ഒറിജിനൽ എന്നുള്ള രീതിയിൽ അധികമായ വിലപറഞ്ഞ് വിൽക്കുന്നത് ഇരുപതിനായിരം മുപ്പതിനായിരം രൂപയ്ക്ക് ആണ് ഈ ഒരു ചെറിയ ഒരു സാധനം  ഉണ്ടാക്കുന്നതിനു കൃത്യമായിട്ട് പറഞ്ഞാലും 100 രൂപയ്ക്ക്  താഴെ യെ വില ഉള്ളൂ. വലിയ വിലകൊടുത്തു വാങ്ങുമ്പോൾ വൈദ്യന്മാർ ശ്രദ്ധിക്കേണ്ടതാണ്./
(Sureshkumar vaidyar, പാറശ്ശാല..)

കസ്തൂരി മാനിൻ്റെ നാഭിയിൽ ആണ് സാധാരണ കസ്തൂരി ഉണ്ടാകുന്നത്. എന്നാൽ അപൂർവമായി കാലിലും കഴുത്തിലും ഒക്കെ മുഴകളായി കസ്തൂരി കാണപെടുന്നുണ്ട്. കസ്തൂരി മാനിനെ കൊന്നിട്ടാണ് മിക്കവാറും കസ്തൂരിശേഖരിക്കുന്നത്.

ചൈനയിലും സ്വിറ്റ്സ് വണ്ടിലും മാൻ വർഗങ്ങൾ ഉണ്ട്. അവിടെ നിയമ പരമായി നിശ്ചിത തുക ഫീസ് അടച്ച് അവയെ വേട്ടയാടാൻ അതു മതി നൽകാറുണ്ട്‌.
(അനിൽകുമാർ ആലഞ്ചേരി)

/കസ്തൂരി വെണ്ടയിൽ (ലതാ കസ്തൂരി ) യിൽ കസ്തൂരിയുടെ അംശം അടങ്ങിയിട്ടുണ്ട്. ഇത് വേർതിരിച്ചെടുത്ത് ഔഷധങ്ങളിൽ പ്രയോഗിക്കാറുണ്ട്.
(Drഅനൂപ് )

ചരളം ഭാഗം 4

പ്രായാധിക്യം കൊണ്ട് അവശരായി കട്ടിലിൽ വ്രണമൊക്കെ വന്ന് കിടക്കുന്ന രോഗികൾക്ക് ചരളത്തിൻ്റെ പൂവും ജടാമാഞ്ചിയും കൂടി പുകച്ച പുക ഏൽപിച്ചാൽ ആശ്വാസം കിട്ടിറുണ്ട്.

സിക്കിം മുതലായ ഹിമാലയത്തിൻ്റെ  പ്രാന്തപ്രദേശങ്ങളിൽ ചരളം ധാരാളം കാണുന്നുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളിലും ചരളവും ദേവതാരവും ധാരാളമായി ഫർണീച്ചർ നിർമാണത്തിന് ഉപയോഗിക്കുന്നു. ചരളം അവിടെ വില കുറഞ്ഞ മരമാണ്.

ലാക്ഷാദിതൈലം രാസ്നാദി കഷായം ബലാഗുളൂല്യാദി തൈലം ബലാധാത്ര്യാദി തൈലം മഹാ സുഗന്ധി തൈലം ലക്ഷ്മി വിലാസ തൈലം മഹാരാജ പ്രസാരണീ തൈലം മഹാബലാ തൈലം  എന്നിവയിലെല്ലാം ചരളം ചേരുന്നുണ്ട്. ഇന്ന് ഔഷധങ്ങൾ എല്ലാം കമ്പനികൾ നിർമിക്കുന്നത് വാങ്ങി ഉപയോഗിക്കുന്ന ശീലം മൂലം. അങ്ങിടി മരുന്നുകൾക്ക് വിപണി ഇല്ലാതായി. സാമാന്യേന ഉപയോഗം കുറവുള്ള ചരളം ഇന്ന് മിക്കവാറും അങ്ങാടിക്കടകളിൽ ലഭ്യമല്ലാതായി.
(വിനീത് ധനുർവേദ )

ദേവതാരത്തിന്റെ വിഭാഗത്തിൽ പെട്ടതും എന്നാൽ എണ്ണയുടെ അംശം ഇല്ലാത്തതുമായ 
മരമാണ്   “സരള ദേവദാരം” എന്ന് സിദ്ധ വൈദ്യ ഗ്രന്ഥങ്ങളിൽ കാണുന്നു..
ഇതിന്റെ തടിയെ പൊടിച്ച പൊടിയെ മുഖത്തിൽ കൊള്ളുന്ന വിധത്തിൽ  പുകച്ചാൽ ജലദോഷം, പല്ല് വേദന പലതരം അസ്വസ്ഥത കൾ മാറും..

സരളമെനും തേവതാരുവിനാൽ കണ്ണീർ, വിരളമാ കുംകുപമും വിടു, തരളവെയിൽ താ മയഞ്ചു വാസ വലി യന്നാതം, കമ്പക്കാർ പോമ ചുരത്തുരവും പോം “””(ഗുണ പാഠം )
ഇതിന്റെ വൈരത്തിനാൽ തൊണ്ട കമ്മൽ (sore throat ), കഫ രോഗങ്ങൾ, പല്ലു വേദന, കാത് രോഗങ്ങൾ, ഇരപ്പു രോഗങ്ങൾ,നടുക്കു വായു, അയ്യ സുരം (കഫ ജ്വരം )എന്നിവ മാറും.

.മേൽപ്പറഞ്ഞ രോഗങ്ങൾക്ക്  സരള ദേവതാരം.കഷായം വച്ചു കൊടുക്കുക.. മാറും
(Dr സുരേഷ് കുമാർ)

ദശമൂലം ആടലോടക വേര് പുത്തരി ചുണ്ട വേര് നാൽ പാമര തോൽ എന്നിവ ഒന്നരയരക്കാൽ പലം വീതം ചതച്ച് മുപ്പത്താറിടങ്ങഴി വെള്ളത്തിൽ വെന്ത് പതിനാറിടങ്ങഴി യാക്കി പിഴിഞ്ഞരിച്ച് മൂത്രം കുടിക്കാത്ത ഒരു ആട്ടിൻ മുട്ട നേയോ കരിംകുരങ്ങിനേയോ കൊന്ന് കുടലും തലച്ചോറും കളഞ്ഞ് മാംസവും അസ്ഥിയും ഇട്ട് മുന്നാഴി ജീരകം ചതച്ചതും ഒരു റാത്തൽ കറുവ പട്ട പൊടിച്ചതും കഴികെട്ടി ഇട്ട് അയമോദകം അരിയാറ് കൊട്ടം ശതകുപ്പ ആശാളി ഉലുവ പെരുംജീരകം കണ്ടി വെണ്ണ കോലരക്ക് തിപ്പലി അത്തി തിപ്പലി ജാതിക്ക ജാതിപത്രി വാൽ മുളക് പച്ചില മക്കിപ്പുവ് അക്കിക്കറുവ നല്ല മുളക് കഴഞ്ചി ക്കുരു പരിപ്പ് മുന്തിരിങ്ങ പഴം ക്രിമി ശത്രു തക്കോല പുട്ടിൽ മാഞ്ചി ചരളം അരത്ത  അമുക്കുരം ഇരട്ടിമധുരം കുങ്കുമപ്പൂവ് ഇവ രണ്ടു കഴഞ്ച് വീതം പൊടിച്ച്‌ കിഴികെട്ടി ഇട്ട് വെന്ത് ആറിടങ്ങഴി ആക്കി യന്ത്രം വച്ച് വാറ്റി മൂന്നു കുപ്പി ആക്കി ഒന്നര തുടം വീതം സേവിക്കുക.

ചായില്യം രക്ത ചന്ദനം പവിഴപുറ്റ് കസ്തൂരി എന്നിവ മൂന്നു കഴഞ്ച് വീതം വാലിയിൽ പൊട്ടിച്ചിടണം

മെലിച്ചിൽ വായുകോപം ശ്വാസംമുട്ടൽ ചതവ് തുടങ്ങിയവ എല്ലാം മാറി ശരീരമാകെ തടിക്കയും ബലമുണ്ടാകയും ചെയ്യും

മർമ്മത്തെ ആശ്രയിച്ചാണ് ഇത് എഴുതാറ്.
(രതീശൻ വൈദ്യർ )

സിദ്ധവൈദ്യത്തിൽ  കൽപ മൂലികകളുടെ കൂടെ പ്രതിപാദിക്കുന്ന ചരളദേവതാരു ചരളം ആണെന്ന് മനസിലാക്കാം ‘ ചരള ദേവതാരുവിൻ്റെ ഇലയുടെ സ്വരസം ഒരു പടി എടുത്ത് അതിൽ 50 കോഴിമുട്ട ഇട്ട് വെയിലത്തു വക്കുക . സ്വരസം കോഴിമുട്ട മുങ്ങിക്കിടക്കുന്ന അത്രയും എന്ന് കണക്കാക്കിയിൽ മതി. ഇത് വെയിലിൽ വക്കുക അത് മെഴുകു പോലെ ആകും അത് കുഴിയമ്മിയിൽ അരച്ച് mല്ല സ്ഫടിക കുപ്പിയിൽ സൂക്ഷിച്ചു വക്കുക. ഇതിൽ നിന്നും കുരുമുളക് അളവ് രാവിലെയും വൈകിട്ടും ഒരു മണ്ഡലം സേവിച്ചാൽ ജരാനരകൾ മാറി 100 വർഷം ജീവിക്കും. . ശരീരം വജ്ര തുല്യമാകും . ഗന്ധർവനൊത്ത അഴകും സിംഹ തുല്യബലവും ഉണ്ടാകും
(ഖാദർ വൈദ്യർ )

225.ചരള ദേവതാരു  ഇതിന്റെ കട്ട കഫസ്രാവം.കഫദോഷം.ദന്തരോഗം.വേദനകൾ.കർണ്ണരോഗം.കഫേജ്വരം.നടുക്കുവാതം.എന്നിവയ്ക്ക് ഉപയോഗിക്കാം ഇതിന്റെ കട്ട കഷായം വെച്ചു തേനോ ശർക്കരയോ കലക്കി കുടിച്ചാൽ കഫ സംമ്പന്ധ രോഗം കഫജ്വരം.ശരീരം എരിച്ചിൽ എന്നിവ ഗുണമാകും .ഇത് നാരങ്ങാനീരിൽ അരച്ചുതേച്ചാൽ ചൊറി.ചിരങ്ങു മേഹചൊറി എന്നിവ ഗുണമാകും .ഇതിന്റെ കറ കുങ്കില്യം പോലെയുണ്ടാകും .ഇത് നെയ്യിൽ വറുത്ത് ഉപയോഗിച്ചാൽ കഫരോഗം പോകും . ചരളം കൊല്ലിമല.കൊടൈകനാൽ.ഊട്ടി
എന്നീസ്ഥലങ്ങളിൽ ഉണ്ട്
==RKV=

ചെവിയിൽ വേദനക്കും പഴുപ്പിനും ചരളം, ദേവതാരം, കൊട്ടം എന്നിവ എള്ളെണ്ണയിൽ മുക്കി കത്തിച്ച് പന്ത തൈലമെടുത്ത് അതിൽ ഒന്നോ രണ്ടോ തുള്ളി എടുത്ത് ചെവിയിൽ ഇറ്റിച്ചാൽ ശമിക്കും.

ചരളം കൊണ്ടുള്ള കഷായം കവിൾ കൊള്ളുകയും കഴിക്കുകയും ചെയ്താൽ വായിലെ വൃണങ്ങൾ ശമിക്കും.

ചരളതൈലം ശ്വാസകോശ രോഗങ്ങളിൽ നെഞ്ചിൽ തടവുന്നത് ആശ്വാസകരമാണ്.

ചരള പൊടി , ഊദ്, കള്ളി ചെടി , ഉണക്ക ഇഞ്ചി ഇവ സമഅളവിൽ പൊടിച്ച്  2 – 4  ഗ്രാം ഗോമൂത്രത്തിൽ കഴിച്ചാൽ ചുമയും കഫകെട്ടും ശമിക്കും.

ചരളത്തിൻ്റെ കറയിൽ നിന്ന് എടുക്കുന്ന ടർപ്പൻൻ്റെയിൻ അണുനാശകവും, മൂത്രളവും, കൃമിനാശകവുമാണ്‌. മൂത്രളമായതിനാൽ വൃക്ക മൂത്രാശയ രോഗങ്ങളിൽ ഉപയോഗിക്കുന്നു.

രക്തവാതംത്തിൽ ഉള്ളിൽ കഴിക്കാനും പുറത്ത് പുരട്ടുവാനും, സ്വദന ക്രിയയ്ക്കും  ഉപയോഗിക്കുന്നു.

ക്ഷയം, ശ്വാസകോശ രോഗങ്ങൾ എന്നിവയിലും ചരളം ഫലപ്രദമാണ്.
( ടിജോ എബ്രാഹാം )

Leave a comment